
കൊളംബോ: അമേരിക്കൻ മുങ്ങിക്കപ്പൽ നടത്തിയ ടോർപീഡോ ആക്രമണത്തിൽ ഒൻപത് ദിവസം മുമ്പ് മുങ്ങിയ ഇറാനിയൻ യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്ക ഇറാനിലേക്ക് അയക്കും. ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച്ച ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ അയക്കുന്ന ചാർട്ടർ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുക എന്ന് മന്ത്രാലയ വക്താവ് തുഷാര റോഡ്രിഗോ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകുമെന്ന് ഇറാനിയൻ എംബസിയും സ്ഥിരീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, അപകടത്തിൽപെട്ട കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ 32 നാവികർ ശ്രീലങ്കയിൽ തന്നെ തുടരുമെന്ന് റോഡ്രിഗോ പറഞ്ഞു.
മാർച്ച് നാലിന് ശ്രീലങ്കൻ തീരത്തിനു സമീപം അന്താരാഷ്ട്ര കപ്പൽചാലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഐറിസ് ദേന എന്ന ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്കൻ സബ്മറീൻ ടോർപീഡോ ആക്രമണത്തിൽ മുങ്ങിയത്. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിച്ചതായി വിലയിരുത്തപ്പെടുന്ന ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ദേന ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഐറിസ് ബുഷ്ഹർ എന്ന മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ ജലപരിധിയിൽ പ്രവേശിച്ചിരുന്നു. 219 അംഗങ്ങളുള്ള അതിന്റെ സംഘത്തിനും കപ്പലിനും ശ്രീലങ്ക സുരക്ഷിത അഭയം നൽകിയിട്ടുണ്ട്. ഈ കപ്പലിലെ സംഘത്തെയും ദേനയിൽ നിന്ന് രക്ഷപ്പെടുത്തിയവരെയും നാട്ടിലേക്ക് അയക്കുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. എന്നാൽ, അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ കൊളംബോ അവരെ പരിഗണിക്കുമെന്നും വ്യക്തമാക്കി.
ദേനയിൽ നിന്നും രക്ഷപ്പെടുത്തിയ 32 നാവികരിൽ 22 പേരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇവരെ ദ്വീപിന്റെ തെക്കൻ ഭാഗത്തെ വ്യോമസേനാ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ 251 ഇറാനിയൻ നാവികരാണ് ശ്രീലങ്കയിൽ കഴിയുന്നത്.
ഇതിനിടെ മൂന്നാമത്തെ ഇറാനിയൻ കപ്പൽ ശ്രീലങ്ക കടന്ന് കൊച്ചി തുറമുഖത്ത് അഭയം തേടി. ആ കപ്പലിലെ 183 അംഗങ്ങൾ ഇപ്പോൾ ഇന്ത്യയിൽ തുടരുകയാണ്. അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ മനുഷ്യാവകാശപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഇറാനിയൻ നാവികർക്കു അഭയം നൽകിയതെന്ന് കൊളംബോയും ന്യൂഡൽഹിയും വ്യക്തമാക്കി.











